
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ രേണു സുധി ഗുരുതരമായ ആരോഗ്യപ്രശ്നത്തെ നേരിടുകയാണെന്ന് വെളിപ്പെടുത്തി കേരള ഹോം ഡിസൈൻ ഗ്രൂപ്പിന്റെ സ്ഥാപകനും സുധിയുടെ പേരിൽ വീട് നിർമിച്ചു നൽകിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയുമായ ഫിറോസ്. രേണുവിനെതിരെയുള്ള പരിഹാസങ്ങളും വിമർശനങ്ങളും അവസാനിപ്പിക്കണമെന്നും ഈ ഘട്ടത്തിൽ അവർക്ക് പിന്തുണ നൽകണമെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചു.
രേണു ഏറെ നാളായി ഒരു ഗുരുതര രോഗത്തിനുള്ള ചികിത്സയിലാണെന്നും അടുത്തിടെ ലഭിച്ച മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം രോഗത്തിന്റെ തീവ്രത വർധിച്ചിട്ടുണ്ടെന്നും ഫിറോസ് വ്യക്തമാക്കി. തുടർചികിത്സയ്ക്കായി ഉടൻ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
"അസുഖത്തെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞിട്ടും മറ്റുള്ളവരെ വിഷമിപ്പിക്കാതിരിക്കാൻ വേദനകൾ മനസ്സിൽ ഒതുക്കി ചികിത്സയുമായി മുന്നോട്ട് പോയ വ്യക്തിയാണ് രേണു. ഇപ്പോൾ അവർ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ നെഗറ്റീവ് കമന്റുകളും വ്യക്തിപരമായ ആക്രമണങ്ങളും ഒഴിവാക്കണം," എന്നാണ് ഫിറോസ് കുറിച്ചത്.
ജീവിതത്തിൽ പലർക്കും വേദനയും നഷ്ടങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും, അതിന്റെ പേരിൽ പ്രതികാര മനോഭാവം പുലർത്താനോ ഒരാളുടെ അസുഖത്തിൽ സന്തോഷിക്കാനോ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ടമില്ലാത്തവർക്ക് രേണുവിന്റെ വീഡിയോകൾ അവഗണിക്കാമെങ്കിലും അവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ ഒഴിവാക്കണമെന്നും ഫിറോസ് അഭ്യർഥിച്ചു.
ഫിറോസിന്റെ കുറിപ്പിന് താഴെ നിരവധി പേർ രേണുവിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ച് രംഗത്തെത്തി. അവർക്ക് ബാധിച്ചിരിക്കുന്ന രോഗം എന്താണെന്ന ചോദ്യത്തിന് കാൻസറാണെന്ന് ഫിറോസ് മറുപടി നൽകിയതോടെയാണ് രോഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
കുറച്ച് മാസങ്ങൾക്ക് മുൻപ് രേണുവിന് സ്തനാർബുദം സ്ഥിരീകരിച്ചെന്ന വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും, ഇതുസംബന്ധിച്ച് രേണു നേരിട്ട് പ്രതികരിച്ചിരുന്നില്ല. ദുബായിൽ ഒരു പ്രമോഷൻ പരിപാടിക്കായി പോയ സമയത്ത് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് നാട്ടിലെത്തി ചികിത്സ തുടരുകയാണെന്നും വിവരങ്ങളുണ്ട്. അടുത്തിടെ ആശുപത്രി സന്ദർശനവുമായി ബന്ധപ്പെട്ട ഒരു വീഡിയോ രേണു സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. വീഡിയോയ്ക്ക് താഴെ "ദൈവം സുഖപ്പെടുത്തട്ടെ" എന്നൊരു കമന്റിന് മറുപടിയായി, "എന്റെ കുഞ്ഞിനെ ഓർത്ത് ദൈവം എന്നെ സുഖപ്പെടുത്തട്ടെ" എന്ന് രേണു കുറിച്ചതും ശ്രദ്ധേയമായി.
രേണുവിന്റെ ആരോഗ്യനില മെച്ചപ്പെടട്ടെയെന്ന ആശംസകളുമായി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തുന്നത്.










